
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ ഇഡി നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച കേസിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹിൻ എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾക്ക് നേരെ കല്ലേറും ആക്രമണവും നടത്തിയതായി ആരോപിക്കപ്പെടുന്ന എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരെ പിടികൂടാൻ പോലീസ് നീക്കം തുടങ്ങിയതോടെയാണ് പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ സംഘർഷാവസ്ഥ രൂപപ്പെട്ടത്. ബേക്കറി ജംഗ്ഷനിലെ വീട്ടിൽനിന്ന് മടങ്ങിയ ഇഡി സംഘത്തിന്റെ വാഹനങ്ങൾ ആക്രമിക്കപ്പെട്ടതിന് പിന്നാലെ ചില പ്രവർത്തകർ പാർട്ടി ഓഫീസിലേക്ക് പ്രവേശിച്ചതായാണ് പോലീസിന്റെ വിലയിരുത്തൽ.
തുടർന്ന് പാർട്ടി ഓഫീസ് പരിസരത്ത് വൻ പോലീസ് സന്നാഹം വിന്യസിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് ഏത് നിമിഷവും ഓഫീസിലേക്ക് പ്രവേശിക്കുമെന്ന സൂചനകൾ ഉയർന്നതോടെ കണ്ണീർവാതകമുൾപ്പെടെയുള്ള സജ്ജീകരണങ്ങളുമായി സായുധ പോലീസ് സംഘവും സ്ഥലത്തെത്തി.
അതേസമയം, പാർട്ടി ഓഫീസിനുള്ളിലേക്ക് പോലീസിനെ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് സിപിഎം നേതൃത്വം ഉറച്ചുനിന്നത്. മന്ത്രി വി. ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ, ജോൺ ബ്രിട്ടാസ് എംപി, ആനാവൂർ നാഗപ്പൻ, എ. സമ്പത്ത്, ബിനീഷ് കോടിയേരി തുടങ്ങിയ നേതാക്കൾ സ്ഥലത്ത് എത്തി പ്രതിഷേധത്തിന് നേതൃത്വം നൽകി. ഓഫീസിൽ പ്രവേശിക്കണമെങ്കിൽ ആദ്യം നേതാക്കളെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് വി. ശിവൻകുട്ടി പോലീസിനെ അറിയിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്. ഡിസിപിയും മ്യൂസിയം എസ്എച്ച്ഒയും ഉൾപ്പെട്ട സംഘം നേതാക്കൾക്ക് ദൃശ്യങ്ങൾ കാണിച്ചുകൊടുത്ത് അതിലുള്ളവരെ കൈമാറണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവുമായും പോലീസ് ചർച്ച നടത്തി.
സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ വി. ശിവൻകുട്ടി ഡിജിപിയുമായി ഫോണിൽ സംസാരിക്കുകയും പ്രതികളെ ഹാജരാക്കാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ പാർട്ടി ഓഫീസിനുള്ളിലേക്ക് പോലീസ് പ്രവേശിക്കരുതെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു. അക്രമത്തിൽ പങ്കെടുത്തവരെ ഉടൻ കസ്റ്റഡിയിൽ എടുക്കണമെന്ന നിലപാടിൽ പോലീസ് ഉറച്ചുനിന്നതോടെ മണിക്കൂറുകളോളം അനിശ്ചിതത്വം തുടർന്നു.
ഒടുവിൽ പ്രതികളെ ഹാജരാക്കാമെന്ന സിപിഎം നേതൃത്വത്തിന്റെ ഉറപ്പിനെ തുടർന്ന് പോലീസ് പിന്മാറുകയായിരുന്നു. എഡിജിപി എച്ച്. വെങ്കിടേഷ് സ്ഥലത്തെത്തി പാർട്ടി നേതാക്കളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സംഘർഷാവസ്ഥയ്ക്ക് താൽക്കാലിക പരിഹാരമായത്.









